സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ എലിപ്പനി ബാധിച്ച് 37 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 17 പേരുടെ മരണകാരണം ആരോഗ്യവകുപ്പ് അന്തിമമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്ത് എലിപ്പനി മരണനിരക്ക് ഉയരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം വരെ 536 പേര്‍ക്കാണ് എലിപ്പനി ബാധിച്ചിരിക്കുന്നത്. എലിനശീകരണം അടക്കമുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളില്‍ നടക്കാത്തതാണ് രോഗംപടരാന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗനിര്‍ണയവും ചികിത്സയും വൈകുന്നതാണ് രോഗാവസ്ഥ ഗുരുതരമാക്കുന്നത്. എലി, അണ്ണാന്‍, പൂച്ച, പട്ടി, മുയല്‍, കന്നുകാലികള്‍ എന്നിവയുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന ജലവുമായി സമ്പര്‍ക്കമുണ്ടാകുന്നതും രോഗാണുകലര്‍ന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും എലിപ്പനിക്കു കാരണമാകുന്നതാണ്. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ഇറങ്ങുകയോ കളിക്കുകയോ കുളിക്കുകയോ ചെയ്യരുതെന്നും അത്തരം വെള്ളത്തില്‍ കൈകാലുകളും മുഖവും കഴുകരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കടുത്തപനി, തലവേദന, കാലുകളിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞ, ചുവപ്പ് നിറം, മൂത്രത്തിന്റെ അളവുകുറഞ്ഞ് കടുത്തനിറം തുടങ്ങിയവ യാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷമായെന്ന് വരില്ല. പനിയോടൊപ്പം മഞ്ഞപ്പിത്തലക്ഷണങ്ങള്‍കൂടി കണ്ടാല്‍ എലിപ്പനിയാണെന്ന് സംശയിക്കാം. രോഗം ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.
Discussion about this post